ആസ്വാദനം -ബാല്യകാലസഖി
- May 4, 2021
- 3 min read
Updated: May 5, 2021
ഞാൻ വായിച്ചിട്ടുള്ള നോവലുകൾ എല്ലാം തന്നെ ഞാൻ ഇഷ്ടപ്പെട്ട തിരഞ്ഞെടുത്തതാണ്. അതിൽ എനിക്കേറ്റവും പ്രിയം ബാല്യകാലസഖി ആണ്. ബേപ്പൂർ സുൽത്താന്റെ സ്വന്തം ബാല്യകാലസഖി. ഇവിടെ ഞാൻ ബാല്യകാലസഖിയെ കുറിച്ച് പറയുവാനായി ശ്രീ എം പി പോളിന്റെ വാക്കുകൾ കടം എടുക്കുകയാണ്. കാരണം ഞാൻ വായിച്ച പുസ്തകത്തിന്റെ അവതാരിക എഴുതിയത് ശ്രീ എം പി പോൾ ആണ്. ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു ചിലർക്ക് ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കുവാൻ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് എംപി പോൾ ഇതിന്റെ അവതാരിക ആരംഭിക്കുന്നത്

സാധാരണ ബഷീർ കൃതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ എഴുതിയതാണ് ബാല്യകാലസഖി. അതുകൊണ്ട് തന്നെയാണ് ഇത് വായിക്കുന്നവരുടെ എല്ലാവരുടെയും മനസ്സിൽ ഒരു പ്രത്യേക ഇടം സ്വന്തമാക്കുന്നത്. സാമൂഹിക മാനസിക അന്തരീക്ഷം കളെ നർമത്തിൽ ചാലിച്ച അവതരിപ്പിക്കാൻ ബഷീറിന്നോളം കഴിവ് മലയാളത്തിൽ മറ്റാർക്കും തന്നെ ഇല്ലന്ന് പറയാം.എന്നാൽ ബാല്യകാലസഖി അനുഭവങ്ങളുടെ തീച്ചൂള ആണ്.
വൈക്കം മുഹമ്മദ്‌ബഷീറിന്റെ
അനശ്വരപ്രണയ കഥ ബാല്യകാലസഖി
മജീതിന്റെയും സുഹ്റയുടെയും
പ്രണയകഥയാണ്.
മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത് . കഥാനായകനായ മജീദും , നായിക സുഹ്റയും കണ്ടുമുട്ടുന്നത് അവര്‍ക്ക് യഥാക്രമം 9 –ഉം , 7 –ഉം വയസ്സുള്ളപ്പോഴായിരുന്നു . ബാല്യകാലം തൊട്ടേ അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവര്‍ പരിചിതരാകുന്നതിനു മുന്‍പേ ബദ്ധശത്രുക്കളായിരുന്നു എന്നതാണ് രസകരമായ വസ്തുത . അവരെ ആദ്യം വൈരികളാക്കിയതും , പിന്നീട് അടുപ്പിച്ചതും സുഹ്റയുടെ വീട്ടിനടുത്തുള്ള തൈമാവിലെ മൂത്തുപഴുത്ത മധുരമൂറുന്ന മാമ്പഴങ്ങളായിരുന്നു. പറയാന്‍ മറന്നു : നാട്ടിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളാണ് മജീദിന്‍റെ ബാപ്പ .എങ്കിലും , മജീദിന്‍റെ സ്വപ്നങ്ങളില്‍ അവന്‍ സുല്‍ത്താനാകുമ്പോള്‍ എന്നും അവന്‍റെ പട്ടമഹിഷിയായ രാജകുമാരിയുടെ പദം അലങ്കരിച്ചിരുന്നത് അവന്‍റെ സ്വന്തം സുഹ്റയായിരുന്നു .
വയസ്സില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരു ക്ലാസ്സിലാണ് അവര്‍ പഠിച്ചിരുന്നത് . സുഹറ കണക്കില്‍ മിടുമിടുക്കിയായിരുന്നു ; മജീദ് ഒരു മരമണ്ടനും . ക്ലാസില്‍ അവനെ ഹാജര്‍ വിളിച്ചിരുന്നത് പോലും മണ്ടശിരോമണി എന്നായിരുന്നു . ഒന്നും , ഒന്നും “ ഉമ്മിണി വല്യ ഒന്ന് “ എന്ന കണക്കിലെ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതും മജീദ് ആയിരുന്നു . പക്ഷെ , സുഹറയുടെ അടുത്തായി ബഞ്ചില്‍ സ്ഥാനമുറപ്പിച്ചതോടെ മജീദ് കണക്കില്‍ ഒന്നാമതായി . സുഹറയുടെ സ്ലേറ്റില്‍ അവള്‍ ആദ്യം ചെയ്യുന്ന കണക്കുകള്‍ പക്ഷെ , ആദ്യം ക്ലാസ്സില്‍ പറയുക മജീദായിരുന്നു.
അങ്ങിനെ ആ വലിയ സംഭവങ്ങള്‍ ഒരേ സമയത്ത് തന്നെ നടന്നു . സുഹറയുടെ കാതുകുത്ത് കല്യാണവും , മജീദിന്‍റെ മാര്‍ക്കം കല്യാണവും . ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെക്കുറിച്ച് തോന്നിയത്. പണക്കാരനായതിനാല്‍ മജീദിന്‍റെ ചടങ്ങ് ഒരു സംഭവമായിരുന്നു , സുഹ്റയുടെത് അടുത്ത ആളുകള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങും .
സുഹറയും , മജീദും അക്കൊല്ലം ജയിച്ചു . എന്നാല്‍ സുഹറയുടെ ബാപ്പയുടെ അകാലമരണം പട്ടണത്തില്‍ പോയി പഠിക്കാനുള്ള സുഹറയുടെ സ്വപ്നം പാടേ തകര്‍ത്തു. പട്ടണത്തിലെ സ്കൂളില്‍ ചേര്‍ന്ന മജീദ് സുഹ്റയെയും സ്കൂളില്‍ ചേര്‍ക്കാന്‍ തന്‍റെ ബാപ്പയോട് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അത് നിഷ്ക്കരുണം നിരാകരിച്ചു . കാലചക്രം മെല്ലെ തിരിഞ്ഞു . മാറും , തലയും വളര്‍ന്ന ഒരു യുവതിയായി സുഹ്റ ; മജീദ് പൊടിമീശക്കാരനായ ഒരു യുവാവും . കാലില്‍ വിഷക്കല്ല് കൊണ്ട് കിടപ്പിലായ മജീദിനെ ശുശ്രൂഷിക്കാന്‍ എത്തിയ സുഹ്റയുമായി മജീദ് ആദ്യ ചുംബനത്തിന്‍റെ രുചി നുണഞ്ഞു .
സുഹ്റ മജീദിനെയും , മജീദ് സുഹ്റയെയും സ്നേഹിക്കുന്നുണ്ട് . പക്ഷെ, സ്വേചാധിപതിയായ ബാപ്പയുമായുണ്ടായ ഒരു ഉരസലില്‍ വ്രണിതഹൃദയനായി, അഭിമാനിയായ മജീദ് വീടും , നാടും വിട്ടു ; അവന്‍റെ പ്രിയപ്പെട്ട സുഹ്റയോട് ഒരു യാത്ര പോലും പറയാതെ ….അവന്‍ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു ; സുദീര്‍ഘമായ എട്ടോ പത്തോ വര്‍ഷക്കാലം. ആരുമായും ഒരു കത്തിടപാടു പോലും അവന്‍ നടത്തിയില്ല . ആരെങ്കിലും അന്വേഷിച്ച് വന്നാലോ എന്നതായിരുന്നു അവന്‍റെ ഭയം . പണം സമ്പാദിക്കണം എന്ന മോഹമേ അവനില്ലായിരുന്നു . കാണുക , അറിയുക – അതായിരുന്നു അവന്‍റെ ലക്ഷ്യം . ഒരുപാടു അലഞ്ഞുതിരിഞ്ഞപ്പോള്‍ ജീവിതത്തിന്‍റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട് വിഷാദാത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു . സുഹ്റയെ വിവാഹം കഴിച്ച് ശിഷ്ടജീവിതം കഴിച്ചുകൂട്ടുകയായിരുന്നു അവന്‍റെ ഉദ്ദേശം . എന്നാല്‍ അവനെ കാത്തിരുന്നതോ ?
കച്ചവടത്തിലെ നഷ്ടവും , ചില ചതിക്കുഴികളിലും വീണ് എല്ലാം നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കള്‍ , വിവാഹപ്രായം കഴിഞ്ഞ സഹോദരികള്‍ , എല്ലാറ്റിനും ഉപരിയായി വിവാഹിതയായ സുഹ്റയും ………..
ആദ്യം പിണങ്ങിയെങ്കിലും , രണ്ടാം കെട്ടുകാരന്‍റെ ഭാര്യയായിത്തീരേണ്ടി വന്ന സുഹറയുടെ നരകസമാനമായ ജീവിതം കണ്ട് വീണ്ടുമവന്‍ സുഹ്റയുമായി അടുത്തു . അവന്‍റെ വീട്ടുകാരും അവര്‍ക്ക് മൗനാനുവാദം കൊടുത്തു. അങ്ങിനെ ,തന്‍റെ പുരനിറഞ്ഞുനില്ക്കു ന്ന സഹോദരിമാരെ കെട്ടിച്ചയച്ച് , അതിനു ശേഷം സുഹ്റയെ സ്വന്തമാക്കാന്‍ പണമുണ്ടാക്കുന്നതിനു വേണ്ടി വീണ്ടും അവന്‍ നാടുവിട്ടു . കുറെ അലച്ചിലിന് ശേഷം , സൈക്കിളില്‍ കൊണ്ടുനടന്ന് വില്പന നടത്തുന്ന ചെറുതെങ്കിലും നല്ല ഒരു ജോലി അവനു ലഭിച്ചു . ജീവിതം വീണ്ടും പച്ചപിടിച്ച് തുടങ്ങുകയായിരുന്നു . പക്ഷെ , വിധി വീണ്ടും അവനോട് ക്രൂരത കാണിച്ചു , ഒരു സൈക്കിള്‍ ആക്സിഡന്റിന്‍റെ രൂപത്തില്‍ . ദിവസങ്ങള്‍ക്ക് ശേഷം ഓര്‍മ്മ വരുമ്പോള്‍ ഒരു കാല് പകുതി നഷ്ടപ്പെട്ടിരുന്നു അവന് . കൈയ്യില്‍ ശേഷിക്കുന്ന കമ്പനി കൊടുത്ത ചെറിയ നഷ്ടപരിഹാരവുമായി വീണ്ടും അവന്‍ തെരുവിലെക്കിറങ്ങി. എന്നാല്‍ വീട്ടുകാരോടോ , സുഹ്റയോടോ തന്‍റെ ദുര്‍വിധി അവന്‍ വെളിപ്പെടുത്തിയില്ല . അലഞ്ഞു തിരിഞ്ഞ് അവസാനം ഒരു ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി അവന് ലഭിച്ചു . അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതത്തില്‍ പിടിച്ചു കയറുകയായിരുന്ന അവന് വീട്ടില്‍ നിന്ന് അശനിപാതം പോലൊരു കത്ത് വന്നു . അവന്‍റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട സുഹ്റ ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു . വീട് ജപ്തിയിലാണ് . എന്ത് ചെയ്യണം എന്ന് അവര്‍ക്കറിയില്ല .
കുറെനേരം പ്രപഞ്ചം ശൂന്യമായിപ്പോയപോലെ തോന്നി മജീദിന് .അവന്‍ വീണ്ടും പാത്രങ്ങള്‍ കഴുകി ശ്രദ്ധയോടെ അടുക്കിത്തുടങ്ങി . അന്ന് യാത്ര പറഞ്ഞു ഇറങ്ങുന്നതിന് മുന്‍പ് സുഹ്റ അവനോട് എന്തോ പറയുവാന്‍ തുടങ്ങിയതായിരുന്നു . പക്ഷെ, മുഴുമിപ്പിക്കാന്‍ ബസ്സിന്‍റെ ഹോണ്‍ അനുവദിച്ചില്ല . എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാന്‍ തുടങ്ങിയത് ??
ബഷീറിന്റെ എല്ലാ കഥകളും സാധാരണ ശുഭപര്യവസായി ആണ് എന്നാൽ അതിനു വിപരീതമാണ് ബാല്യകാലസഖി.വായനക്കാരുടെ മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് നോവൽ തീരുന്നത്.കഥാപാത്ര സ്ഫുടതയും വ്യക്തി വിശേഷവും ഇതിനെ മനോഹരമാക്കുന്നു. കഥ മുഹൂർത്തങ്ങൾ വായനക്കാരന് നേരിട്ട് കാണാൻ കഴിയുന്നു.ഈ കൃതിയുടെ അവതരണം . ഉന്നതമായ ഭാവനയും , വിസ്തൃതമായ ലോകാനുഭവവും , സൂക്ഷ്മമായ മനുഷ്യഹൃദയജ്ഞാനവും ഇക്കഥയില്‍ സമന്വയിക്കുന്നു .
ഒരുപക്ഷേ നോവലിലൂടെ ഞാനും സഞ്ചരിച്ചിട്ടുണ്ടാകാം. കാരണം കഥാന്ത്യത്തിൽ സുഹറയെ നഷ്ടപ്പെടുന്നത് മജീദിന് മാത്രമായിരുന്നില്ല എനിക്കും കൂടിയായിരുന്നു. അത്രമേൽ എന്റെ ഹൃദയത്തെ അത് കീറിമുറിച്ചു. അതിനാൽ അവതാരകനായ എംപി പോളിനെ വരികളോട് ചേർന്നു നിൽക്കാൻ എന്നെക്കൊണ്ട് സാധിക്കുന്നു. എം പി പോളിനെ ഒരു വരിയും കൂടി കടമെടുത്തു കൊള്ളട്ടെ" മരണത്തേക്കാൾ ദാരുണമായ ദുരനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടെന്ന് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും"
നോവൽ :ബാല്യകാലസഖി
വൈക്കം മുഹമ്മദ് ബഷീർ
പ്രസാധകർ :ഡി സി ബുക്സ്
ഗൗരി വിനോദ് 💓



Comments