ഉഷ്ണതരംഗത്തിൽ അടിതെറ്റി കാനഡ
- Jul 12, 2021
- 2 min read
Updated: Oct 11, 2021
അഞ്ജന. കെ. എസ്
1st MCJ
ലോകത്തിലെ തന്നെ ശൈത്യമേഖലാ രാജ്യങ്ങളിൽ ഒന്നായ കാനഡ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉഷ്ണതരംഗത്തിൽ അടിതെറ്റി നിൽക്കുകയാണ്. ഒരാഴ്ചയിലേറെയായി മാറ്റമില്ലാതെ തുടരുന്ന ഉയർന്ന അന്തരീക്ഷ താപനില മൂലം നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂൺ 25 നാണ് അപ്രതീക്ഷിതമായി താപനില ഉയർന്ന് അതി തീവ്ര ഉഷ്ണകാറ്റായി മാറിയത്. പടിഞ്ഞാറൻ കാനഡയിലും വടക്കുകിഴക്കൻ അമേരിക്കയിലുമാണ് ഉഷ്ണതരംഗം അപകടകരമായ രീതിയിൽ തുടരുന്നത്. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന വായുസമ്മർദം മൂലം അന്തരീക്ഷതാപം ഉയർന്നതാണ് ഉഷ്ണതരംഗം ശക്തിപ്പെടാൻ കാരണം.
വേനൽക്കാലത്ത് ചൂട് വളരെ സാധാരണമാണെങ്കിലും, പടിഞ്ഞാറൻ കാനഡയുടെയും അമേരിക്കയുടെയും ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് താപനില രേഖകളിൽ കൂടുതലും, ആയിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിൽ ആക്കുകയും ചെയ്തു. ചൂട് ശക്തി പ്രാപിക്കുന്നതിനനുസരിച്ച് മരണ നിരക്കും അനിയന്ത്രിതമായി ഉയരുകയാണ്. ഇതുവരെയും 700-ഓളം ജീവനുകളാണ് ഉഷ്ണതരംഗം കവർന്നെടുത്തത്. ക്രമാതീതമായ താപനിലയുടെ വർധനവാണ് മരണസംഖ്യ ഉയരാൻ വഴി വച്ചത്.
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ ലിറ്റൺ
പട്ടണത്തിലാണ് ഉഷ്ണം കൂടുതൽ നാശം വിതച്ചത്. 49.9 ഡിഗ്രി ഉയർന്ന താപനിലയാണ് ഇവിടെ
രേഖപ്പെടുത്തിയത്. ആയിരം വർഷങ്ങൾക്കിടയിൽ കാനഡ കണ്ട ഏറ്റവും വലിയ അന്തരീക്ഷ താപനിലയായാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇനിയും രണ്ട് ദിവസങ്ങൾ കൂടി രാജ്യത്ത് ചൂട് ഇതേനിലയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിതി വിഭാഗം നൽകുന്ന മുന്നറിയിപ്പ്. താപനിലയിലെ വർധനവ് മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളെയും പ്രകൃതിയെയും കാർഷിക വിളികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ഗവേഷകരെ എല്ലാം അത്ഭുതപ്പെടുത്തിയുരിക്കുകയാണ്.
പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളായിരിക്കാം കാര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതെന്നും ഗവേഷകർ വിലയിരുത്തി.
എന്നാൽ അനിയന്ത്രിതമായി ഉയരുന്ന ചൂട് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഉഷ്ണതരംഗത്തിൽ പൊള്ളുന്ന കാനഡയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ 150-ഓളം ഇടങ്ങളിലായി ഇതിനോടകം കാട്ടുതീ വ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 12000-ത്തോളം ഇടിമിന്നലുകൾ ഉണ്ടായതിനാലാണ് പ്രദേശത്ത് കാട്ടുതീ പടരാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാട്ടുതീ മൂലം നിരവധി മരണങ്ങൾ ഉണ്ടാവുകയും ഏതാനും പേരെ അപകട സാധ്യത കണക്കിലെടുത്ത് ലിട്ടൻ നഗരത്തിൽ നിന്ന് മാറ്റി പാർപ്പിക്കുകയും ചെയ്തു. താരതമ്യേന തണുപ്പ് കൂടുതലുള്ള സ്ഥലമായതിനാൽ എയർ കണ്ടീഷണറുകൾ ഇല്ലാത്തതും ഒറ്റപ്പെട്ട സ്ഥലങ്ങളിലെ വീടുകളിൽ താമസിക്കുന്ന പ്രായം ചെന്ന ആളുകളാണ് മരണപ്പെട്ടവരിൽ ഏറെയും.
കടുത്ത ചൂടിനൊപ്പം കടൽക്ഷോഭവും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. പടിഞ്ഞാറൻ കാനഡയിലും യുഎസ് പസഫികിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് താപനില പ്രധാനമായും ഉയർന്നത്. കൂടിയ അന്തരീക്ഷ ഊഷ്മാവിനെയും തുടർച്ചയായ ഇടിമിന്നലിനെയും തുടർന്നുണ്ടായ കാട്ടുതീ ഗ്രാമങ്ങളുടെ 90% വും കത്തി നശിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായെന്ന് കാനഡ അധികൃതർ ഇതിനോടകം അറിയിച്ചു. ചൂട് കൂടുന്നത്തിനൊപ്പം ഉയരുന്ന കാട്ടുതീ 80 ചതുരശ്ര കിലോ മീറ്റർ ചുറ്റളവിലാണ് ലിറ്റണിൽ പടർന്നുപിടിച്ചത്. ഇത് വലിയ നാശനഷ്ടമാണുണ്ടാക്കിയത്.
കൊടിയ ചൂടിനെ ചെറുക്കാൻ പലരും ശീതീകരണ കേന്ദ്രങ്ങളിൽ അഭയം പ്രാപിച്ചു. താപനില രൂക്ഷമായതിനെ തുടർന്ന് പല റോഡുകളും പവർ കേബിളുകളും വരെ ഉരുകി ഇല്ലാതെയായി. കടകളിലെല്ലാം ഫാനുകളുടെയും എയർകണ്ടീഷണറുകളുടെയും വിൽപ്പന നേരത്തെ തന്നെ അവസാനിച്ചു. സാധാരണഗതിയിൽ തണുപ്പുള്ളതിനാൽ ശീതീകരണോപകരണങ്ങളുടെ ആവശ്യം ഉണ്ടാകാറില്ല. എന്നാൽ ഇത്തരം ഉപകരണങ്ങൾ വീടുകളിൽ ഇല്ലാത്തവരാണ് ഉഷ്ണം തടയാൻ ബുദ്ധിമുട്ട് നേരിടുന്നത്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൂടിവരുന്ന അന്തരീക്ഷത്തിലെ ചൂട് ഇനിയും ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കാനഡയിലെ സ്കൂളുകളും വാക്സിൻ വിതരണ കേന്ദ്രങ്ങളും തത്കാലികമായി അടച്ചു. അപകടസാധ്യതയുള്ളവർക്ക് പ്രത്യേക കരുതൽ നൽകാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിലവിലെ ഉയർന്ന താപനില വലിയ പ്രദേശങ്ങളിൽ അന്തരീക്ഷ വായു സമ്മർദ്ദം ചെലുത്തുന്നത് വഴി ഉണ്ടാകുന്ന ഊഷ്മാവ് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ‘ഹീറ്റ് ഡോം’ എന്ന പ്രതിഭാസമാണ് ഇത്തരത്തിൽ ശക്തമായ ചൂടിന് കാരണമെന്ന് ഗവേഷകർ പറയുന്നു.
ചൂടുള്ള വായു ഉയർന്ന മർദ്ദമുള്ള പ്രദേശങ്ങളില്‍ കുടുങ്ങിപ്പോവുകയും, വായു വീണ്ടും താഴേക്ക് തള്ളപ്പെടുമ്പോൾ കൂടുതൽ ചൂട് ഉണ്ടാകാനും കാരണമാകുന്നു. സമുദ്ര താപനിലയിൽ ശക്തമായ മാറ്റം ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഉയർന്ന താപനിലയ്ക്ക് കാരണമാകുന്ന ഈർപ്പം കൂടുതലുള്ള ഈ അവസ്ഥ ‘സൂര്യാഘാതം’ (ഹീറ്റ് സ്ട്രോക്ക്) ‘സൗരശോഷണം’ (ഹീറ്റ് എക്സോഷന്‍) പോലുള്ള സാഹചര്യങ്ങൾക്ക് കാരണമാകുന്നുണ്ട്.






Comments