top of page

വിവാദങ്ങൾക്കിടയിലും ചരിത്രമെഴുതി തുടർഭരണം

  • May 24, 2021
  • 2 min read

സർക്കാർ നിർദ്ദേശങ്ങളെല്ലാം മുദ്രാവാക്യങ്ങളായിക്കണ്ട് വീട്ടിലിരിക്കുന്ന പൊതുജനങ്ങൾക്കും ഭരണാധികാരികൾക്കും ഈ രാജ്യത്തിൽ രണ്ടുനിയമങ്ങൾ ആണോ ഉള്ളത്? നിലവിലുളള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ ആൾക്കൂട്ടങ്ങൾ വിലക്കപ്പെട്ടിരിക്കുകയാണ്. വിവാഹ , മരണാനന്തര ചടങ്ങുകളിൽ പോലും ആൾകൂട്ടം അനുവദിക്കുന്നില്ലെങ്കിൽ ആ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകേണ്ടതല്ലേ? ഇപ്പോഴത്തെ അവസ്ഥയിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള പൊതുചടങ്ങുകൾ പോലും അപകടകരമാണ്‌.

കർശനനിയന്ത്രണങ്ങൾ നിലവിൽ നില്കുമ്പോഴും ഗൗരിയമ്മയുടെയും തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫിന്റെ യും മരണാന്തരചടങ്ങുകൾക്ക് വേണ്ടി തിരുത്തിയെഴുതേണ്ടയൊന്നാണോ കോവിഡ് പ്രോട്ടോകോൾ ? ചടങ്ങുകൾ നടക്കുന്നത് സ്‌റ്റേഡിയത്തിൽ ആയതിനാൽ അകലം പാലിക്കാമെന്നും കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് വാക്‌സീനോ എടുത്തവർക്ക് മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ എന്ന് സ്‌റ്റേറ്റ് അറ്റോർണി അറിയിച്ചിരുന്നു. ആവേശമോ ജയ് വിളികളോ ഇല്ലാതെ നഗരം ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനാരവമില്ലാത്ത സത്യപ്രതിജ്ഞാച്ചടങ്ങിൽ ഗ്ലൗസും ,മാസ്‌കും ഉൾപ്പെടെ അണിഞ്ഞ് കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചാണ് ചടങ്ങുകൾ പൂർത്തീകരിച്ചത് .കേരളത്തേക്കാൾ കൂടുതൽ നിയമസഭാ അംഗങ്ങളുള്ള ബംഗാളിൽ 100 ൽ താഴെയും, തമിഴ്നാട്ടിൽ 200 ൽ താഴെയും, പുതുച്ചേരിയിൽ 50 ൽ താഴെയും ആളുകളാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾക്ക് സാക്ഷിയായത് .വീട്ടിലിരുന്ന് വീക്ഷിച്ചാലും ചടങ്ങുകളുടെ അന്തസ്സ് കെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു .

ഒരേ സംസ്ഥാനത്തിൽ പൊതുജനങ്ങൾക്കും ഭരണാധികാരികൾക്കും രണ്ട് നിയമമാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ചൂടു ചർച്ചകളാവുകയും , അതിനോടുള്ള പ്രതിഷേധതിൻ്റെ ഭാഗമായി തൻ്റെ കല്യാണത്തിൽ 500 പേരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ഉന്നതാധികാരികളെ സമീപിച്ചിരുന്നു .നിയമം എല്ലാവർക്കും ഒരുപോലെ ആണെങ്കിൽ ഈ പൗരന്റേയും ആവശ്യം നടത്തിക്കൊടുക്കണം , അതെല്ലേ ജനാധിപത്യഭരണകൂടം ചെയ്തുകൊടുക്കേണ്ടതെന്നുള്ള ചോദ്യങ്ങളും മറുവശത്തുയരുന്നുണ്ട്. സത്യപ്രതിജ്ഞാച്ചടങ്ങുകൾ ഓൺലൈനായി നടത്തി മാതൃക കാട്ടിയിരുന്നെകിൽ, തുടർഭരണം ഇരട്ടി ചരിത്രത്തിലേക്ക് വഴിമാറുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ നമ്മുടെയിടയിൽ ഇപ്പോഴും ഉണ്ട്. 2021ൽ നടന്ന പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്.


കെ .കെ ശൈലജയ്ക്കു പകരം വീണാ ജോർജ് ആരോഗ്യ-സാമൂഹിക ക്ഷേമ മന്ത്രിയായി. ആഭ്യന്തര ,പൊതുഭരണ ,ഐടി, പരിസ്ഥതി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ തുടർന്നും വഹിക്കും . മുൻ രാജ്യസഭാ അംഗമായ കെ.എൻ .ബാലഗോപാൽ പുതിയ ധനമന്ത്രിയായപ്പോൾ നിയമം , കയർ വകുപ്പുകളോടൊപ്പം പി.രാജീവാണു വ്യവസായ മന്ത്രി .തൊഴിൽ വകുപ്പും പൊതു വിദ്യാഭ്യാസവും വി .ശിവൻകുട്ടിക്കും ഉന്നതവിദ്യാഭ്യാസം ആർ. ബിന്ദുവിനുമാണ്.സിപിഐയുടെ മുൻ ചീഫ് വിപ്പായ കെ .രാജനാണ് റവന്യു മന്ത്രി . തദ്ദേശഭരണവും , എക്സൈസും എം.വി .ഗോവിന്ദന് . കെ. രാധാകൃഷ്ണന് ദേവസ്വം , പിന്നാക്ക ക്ഷേമ മന്ത്രിയായപ്പോൾ സഹകരണം ,റജിസ്‌ട്രേഷൻ വകുപ്പുകൾ വി .എൻ. വാസവന് ലഭിച്ചു . ഫിഷറീസ് ,സാംസ്കാരികം, സിനിമ വകുപ്പുകൾ മന്ത്രിയായി സജി ചെറിയാൻ, ജലവിഭവം റോഷി അഗസ്റ്റിനും ,അഹമ്മദ് ദേവർകോവിലിനു തുറമുഖം ,പുരാവസ്തു , മ്യൂസിയം വകുപ്പുകൾ നൽകി .ആൻ്റണി രാജുവാണ് ഗതാഗതമന്ത്രി. എ.കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയായി . പൊതുമരാമത്തും, ടൂറിസം വകുപ്പുകൾ മുഹമ്മദ് റിയാസിന് നൽകി . വി .അബ്ദു റഹിമാൻ ന്യുനപക്ഷ ക്ഷേമം, പ്രവാസികാര്യം ,സ്പോർട്സ് വകുപ്പുകൾ മന്ത്രിയായപ്പോൾ പി.പ്രസാദിന് കൃഷിയും, ജി.ആർ അനിലിനു ഭക്ഷ്യ-പൊതുവിതരണം ,ജെ. ചിഞ്ചുറാണിക്ക് മൃഗ സംരക്ഷണ ക്ഷീരവികസനം എന്നിങ്ങനെയാണ് വകുപ്പുകൾ .

തുടർഭരണ നേട്ടത്തോടൊപ്പം ആദ്യമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയിലും ചരിത്രമെഴുതി പിണറായി വിജയൻ മന്ത്രിസഭ ,3.35 ന് ആരംഭിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുൻപാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. വിവാദങ്ങൾക്കു പശ്ചാത്തലമായ സെൻട്രൽ സ്‌റ്റേഡിയത്തിലെ ചടങ്ങിനു മുന്നൂറോളം പേർ നേർസാക്ഷികളായപ്പോൾ വീടുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ തത്സമയ പ്രേക്ഷകരായി. വ്യാഴാഴ്ച സത്യപ്രതിജ്ഞക്കു സാക്ഷിയായ സ്റ്റേഡിയം അടുത്ത ദിവസം രാവിലെ വാക്‌സിനേഷൻ കേന്ദ്രമായി രൂപാന്തരപ്പെടുന്നതോടെ ജനങ്ങളോടൊപ്പം സർക്കാർ എന്ന വാക്കുപാലിക്കപെടുന്നു . വിവാദങ്ങൾക്കിടയിലും അടിപതറാതെ വിമർശിച്ചവരുടെയും കൈയടികൾ ഏറ്റുവാങ്ങി പിണറായി സർക്കാർ വീണ്ടും ചരിത്രം രചിക്കുകയാണ് .


Anjelee John

MCJ

Comments


Contact Us

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

© 2023 by Turning Heads. Proudly created with Wix.com

bottom of page